ഡ്രസ്സ് സർജൻ:
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ കുഴിമറ്റം പി ഒ പനച്ചിക്കാട് 686533
Mob:9446140026
Email: pulimavu@gmail com
കോട്ടയം കോടിമത പള്ളിപ്പുറത്ത്കാവിന് സമീപം എം കെ എം കോംപ്ലക്സിന്റെ മൂന്നാം നിലയിൽ ഇൻസ്റ്റയിൽ ഡ്രസ്സ് സർജറി എന്ന സ്ഥാപനം നടത്തുന്നു. എല്ലാ പ്രായക്കാരുടെയും വസ്ത്രങ്ങളുടെ റീസൈസിംഗും,റിപ്പയറിംഗും ചെയ്തു കൊടുക്കുന്ന സ്ഥാപനം. ഡ്രസ്സ് സർജറി എന്ന് പറയാൻ കാരണമുണ്ട്. പാകമാകാത്ത ഏത് വസ്ത്രവും സൈസ് ആക്കി കൊടുക്കുകയാണ് ചെയ്യുന്നത്. സാധാരണ തുണി കൊടുത്ത് തൈപ്പിച്ച് കിട്ടുന്നതിനെ ഡെലിവറി എന്നും റീസൈസ് ചെയ്യുന്നതിന് സർജറി എന്നുമാണ് പറയുന്നത്. ഡെലിവറി കഴിഞ്ഞുള്ള സർജറിക്ക് അല്പം ചിലവേറും എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ! സർജറി ചെയ്ത വസ്ത്രങ്ങൾ തിരിച്ചെടുക്കാൻ മറന്നു പോകാതിരിക്കാൻ പണം മുഴുവൻ നേരത്തെ അടയ്ക്കുവാനുള്ള സൗകര്യം കസ്റ്റമേഴ്സിന് വേണ്ടി ചെയ്തിട്ടുണ്ട്.
ചില വസ്ത്രങ്ങൾ സർജറി ചെയ്തെടുത്താൽ മുടക്ക് കാശുമായി ഒത്തു പോകാത്തതിനാൽ വേണ്ടെന്ന് വെയ്ക്കുവാൻ ഉള്ള അവകാശവും കസ്റ്റമർക്കുണ്ട്. എല്ലാ വസ്ത്രങ്ങളുടെയും സർജറി എന്ന് പറഞ്ഞിട്ടുള്ളത് കൊണ്ട് ജീൻസ് ബ്ലൗസ് ചുരിദാർ കുട്ടികളുടെ വസ്ത്രങ്ങൾ എന്നൊന്നും എടുത്തു പറയേണ്ടതില്ലല്ലോ!
എങ്ങനെയാണ് സർജറി ചെയ്യുന്നത് എന്ന് ആദ്യം തന്നെ പറഞ്ഞു കൊടുക്കുന്നതിനാൽ ചെയ്തു കഴിഞ്ഞാൽ എങ്ങനെ ആയിരിക്കുമെന്ന് കസ്റ്റമർക്ക് ഒരു ധാരണ നേരത്തെ തന്നെ ലഭിക്കും. പുരുഷന്മാരുടെ ഷർട്ടിന്റെ കാര്യം പറഞ്ഞാൽ, ചില ഷർട്ടിന് സർജറി കഴിഞ്ഞാൽ ഇറക്കവും കൈനീളവും കുറയുമെന്നതിനാൽ സർജറി ചെയ്യാതെ
ചിലർ കൊണ്ടുപോകാറുണ്ട്. സർജൻ മാത്രമല്ല ഒരു ഫിസിഷൻ കൂടിയാണ് ഈ ഉള്ളോൻ.
എനിക്ക് ചേരാത്ത ഒരു ഡ്രസ്സ് ഉണ്ട് അത് സൈസ് ആക്കാൻ പറ്റുമോ എന്ന് ചോദിക്കേണ്ടതില്ല മനുഷ്യസാധ്യമായ ഏത് വിധേനയും അത് ചെയ്തുകൊടുക്കും. കൊണ്ടുവരുന്ന ഒരു ഡ്രസ്സ് തിരികെ കൊണ്ടുപോകാൻ മൂന്നു കാരണങ്ങളേഉള്ളൂ. അത്രയും രൂപയ്ക്ക് ചെയ്യേണ്ടതില്ല: ഡെലിവറി ഡേറ്റ് സ്വീകാര്യമല്ല: മുടക്കുന്ന പണത്തിന്റെ ഗുണം കിട്ടാതെ വരിക: ഇങ്ങനെ മൂന്നു കാരണങ്ങൾ.സർജറി ചെയ്യാൻ ഞാനും അനസ്തേഷ്യ, അതായത് അഴിച്ച് തിരിക്കുന്നതിന് ഒരാളുംമാത്രമേ സ്ഥാപനത്തിൽ ഉള്ളൂ. മറ്റൊരു സ്ഥലത്തും നിങ്ങളുടെ ഡ്രസ്സ് ശരിയാക്കാൻ സാധിക്കുന്നില്ലങ്കിൽ മാത്രം ഇവിടെ കൊണ്ടുവന്നാൽ മതി എന്നാണ് പറയാറുള്ളത്.
ഡ്രസ്സ് സർജറി എന്ന സ്ഥാപനം 2008ൽ കോട്ടയം ടൗണിൽ മുൻസിപ്പൽ റസ്റ്റ് ഹൗസിന് ഇടതുവശത്ത് ആദ്യം തുടങ്ങുന്നതിന് മുൻപ് 2007 വരെ ഏറ്റുമാനൂർ പോസ്റ്റ് ഓഫീസിന് എതിർവശത്ത് ഇൻസ്റ്റയിൽ ടെയ്ലറിംഗ് എന്ന സ്ഥാപനമായിരുന്നു. അവിടെ മൂന്നുപേർ തയ്യൽക്കാരായി ഉണ്ടായിരുന്നു. അവിടെ കട തുടങ്ങുന്നതിന് മുൻപ് പനച്ചിക്കാട്, പരുത്തുംപാറ കവലക്ക് സമീപം ബ്യൂട്ടി ഡ്രസ്സ് മേക്കേഴ്സ് എന്ന തയ്യൽക്കടയായിരുന്നു. അന്ന് രണ്ടുപേർ തയ്യൽക്കാരായി ഉണ്ടായിരുന്നു. പരുത്തുംപാറയിൽ 1984ൽ കട തുടങ്ങിയ ശേഷമാണ് 1985ൽ വിവാഹിതനാകുന്നത്. ഒരു കുട്ടി ഉണ്ടായ ശേഷം ജന്മദേശമായ കുമരകത്ത് നിന്ന് 1987ൽ പരുത്തും പാറയിൽ വാടകയ്ക്ക് താമസം തുടങ്ങി. 1988ല്‍ പനച്ചിക്കാട് ആയുർവേദ ആശുപത്രിക്ക് സമീപം ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് സ്ഥലം വാങ്ങി താമസം തുടങ്ങി.
കുമരകം ഗവൺമെൻ്റ് ഹൈസ്കൂളിൽ നിന്നും എസ്എസ്എൽസി പാസാക്കുന്നതിന് മുൻപ് പഠനം അവസാനിപ്പിച്ചത് 1975 ലാണ്. അതിനുശേഷം സഹോദരൻ ജോണിക്കുട്ടിയുടെ കുമരകം ചന്തക്കലക്ക് സമീപമുള്ള തയ്യൽ കടയിൽ ഇരുന്ന് തയ്യൽ പഠനം ആരംഭിച്ചു. മൂന്നുവർഷത്തെ തയ്യൽ പഠനത്തിനിടയിൽ സ്വന്തം ഡ്രസ്സ് റീസൈസ് ചെയ്യുന്നതിൽ വളരെ താൽപര്യം ഉണ്ടായിരുന്നു. 1979ൽ ഒരു ദിവസം കോട്ടയംപട്ടണത്തിൽ ഒരു തയ്യൽ കടയിൽ ചെന്ന് തയ്യൽക്കാരനെ ആവശ്യമുണ്ടോ എന്ന് അന്വേഷിക്കുകയും അവിടെ ജോലി ആരംഭിക്കുകയും ചെയ്തു. ഏതാനും മാസത്തിനുശേഷം കോട്ടയത്തുണ്ടായിരുന്ന പല കടകളിൽ മാറിമാറി തയ്യൽ ജോലി ചെയ്തു. ഉർവ്വശി എന്ന കടയിൽ 1983ൽകട്ടറിന്റെ ഒഴിവുണ്ടായപ്പോൾ അവിടെ ഡ്രസ്സ് കട്ടറായി ജോലി ചെയ്തു. കോട്ടയത്ത് തയ്യൽക്കാനായിരിക്കുന്ന കാലത്ത് തന്നെ ആർപ്പുക്കരയുള്ള ബേബി ആശാനിൽന്ന് കട്ടിംഗ് പഠിച്ചിരുന്നു.
പരുത്തുംപാറയിൽ കട നിർത്തിക്കഴിഞ്ഞു ടൗണിൽ ഉള്ള ഡയോഡിലും ഏറ്റുമാനൂർ കട നിർത്തിക്കഴിഞ്ഞ് കോട്ടയത്ത് റെയ്മെൻഡിലും കട്ടറായിരുന്നു. ചങ്ങനാശ്ശേരിയിൽ ഉള്ള ഡയോഡിലും കുറെ നാൾ ഉണ്ടായിരുന്നു. ഡ്രസ്സ് സർജറി തുടങ്ങുന്നത് 2008 ലാണെന്ന്പറഞ്ഞല്ലോ! 38 വർഷത്തെ തയ്യൽ പരിചയമാണ് ഡ്രസ്സിന്റെ സർജറി ചെയ്യുവാൻ പ്രാപ്തനാക്കിയത്. ഡ്രസ്സ് സർജൻ ആകണമെങ്കിൽ ദീർഘനാളത്തെതയ്യൽ പ്രാക്ടീസും അതിനോട് വലിയ താല്പര്യവും ഉണ്ടാകണം.
കുമരകം വടക്കുംഭാഗം പുൽപ്രക്കരിയിലായ വാച്ചാച്ചിറയിൽ ചാക്കോയുടെ രണ്ടാമത്തെ മകൻ കുരുവിളയുടെയും കുമരകം നടുഭാഗം വെന്നലശ്ശേരിയിൽ കൊച്ചു പാച്ചിയുടെ മകൾ ഏലിയാമ്മയുടെയും എട്ടാമത്തെ മകനായിട്ടാണ് എന്റെ ജനനം. കുമരകം വടക്കുംകര സെൻറ് ജോൺസ് യുപി സ്കൂളിലും ഇടവകയായ വള്ളാറപ്പള്ളി വക സെൻറ് ജോൺസ് എൽപി സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം.
വീട്ടിൽ വരുത്തിയിരുന്ന ദീപിക പത്രവും സത്യദീപവും വായിച്ചാണ് വളർന്നത്. പത്രാധപർക്ക്കത്തെഴുതുന്ന സ്വഭാവം ഉണ്ടായിരുന്നു. വിമർശനാത്മകമായ കത്തുകളായിരുന്നു അതിൽ കൂടുതലും. എറണാകുളത്തുനിന്ന് ഇറങ്ങുന്ന താലന്ത് മാസിക വരുത്തിവായിച്ചിരുന്നു. പത്താം ക്ലാസിലെ ഉപപാഠപുസ്തകമായ കെ പി കേശവമേനോന്റെ “ജീവിത ചിന്തകൾ” വളരെയധികം സ്വാധീനിച്ചതുകോണ്ടാണ് കൂടുതൽ പുസ്തക വായന തുടങ്ങിയത്. കോട്ടയത്ത് ആദ്യം ആരംഭിച്ച പഴയ പുസ്തകക്കടയിൽ നിന്നും ധാരാളം പുസ്തകങ്ങൾ വാങ്ങിയിരുന്നു. പുതിയ പുസ്തകങ്ങൾ ഉൾപ്പെടെ 800 ഓളം പുസ്തകങ്ങൾ ഇപ്പോൾ ശേഖരത്തിൽ ഉണ്ട്. ബസ് യാത്രയിൽ വായന പതിവായിരുന്നു കഥകളും നോവലുകളും താല്പര്യമില്ല. ലേഖനങ്ങളാണ് ഏറെ താൽപര്യം.
പത്രാധിവർക്കുള്ള കത്തുകൾ അയക്കുന്നതോടോപ്പം ലേഖനങ്ങൾ അയച്ചു കൊടുക്കുന്ന തലത്തിലേക്ക് യുവാവായിരുന്ന കാലത്തുതന്നെ ഉയർന്നു.
1982ൽ ഇടവകയായ കുമരകം വളാറപ്പള്ളിയിൽ ഫാദർ ജയിംസ്മഞ്ഞാക്കൽ MSF നടത്തിയ കരിസ്മാറ്റിക് നവീകരണ ധ്യാനത്തിൽ പങ്കെടുത്തതോടെ ചിന്തയിലും പ്രവൃർത്തിയിലും വലിയ പരിവർത്തനം ഉണ്ടായി.
വ്യക്തികളെ സംവിധാനങ്ങളെ പ്രസംഗങ്ങളെ എല്ലാം വിലയിരുത്തി വിമർശിക്കുക ഏറ്റം താല്പര്യമുള്ള കാര്യമാണ്. മൈതാന പ്രസംഗങ്ങൾ കേൾക്കുക സെമിനാറുകളിലും സിമ്പോസിയങ്ങളിലും സാംസ്കാരിക സമ്മേളനങ്ങളിലും പങ്കെടുക്കുക പതിവായിരുന്നു. സമ്മേളനങ്ങൾ കഴിയുന്ന ഉടൻ ചില പ്രസംഗകരെ നേരിട്ട് കണ്ട് വിമർശിച്ചിരുന്നു. പലർക്കും ദീർഘമായ വിയോജന കത്തുകളും അയച്ചിരുന്നു
വളരെ ചെറുപ്പത്തിലെ ഈ സ്വഭാവം ഉണ്ടായിരുന്നെങ്കിലും കുറ്റടി വർത്തമാനം എന്നാണ് ആളുകൾ അന്ന് പറഞ്ഞിരുന്നത്. അതിൻ്റെ പേരിൽ വീട്ടിൽ ചൂരൽ പ്രയോഗത്തിനും ഇരപ്പെട്ടിട്ടുണ്ട്.
ശമ്പളം പറ്റാത്ത കാവൽ നായ്ക്കളാണ് വിമർശകരെന്നും, ബൈബിളിൽ പറയുന്ന പ്രവാചകർ അവരുടെ ജീവിതകാലത്ത് വിമർശകർഎന്നും അധികാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരെന്നും അറിയപ്പെട്ടിരുന്നു എന്നും ഞാൻമനസ്സിലാക്കിയിരുന്നു.
സാമൂഹ്യ വിഷയങ്ങളിലും ഞാൻ ഇടപെടുമായിരുന്നു. കോഴിക്കോട് സർവ്വകലാശാലയിൽ ഉപപാഠപുസ്തകമായിരുന്ന പി എ വാര്യരുടെ “അനുഭവങ്ങൾ” എന്ന പുസ്തകം നാടകം ആക്കിയതാണ് ആറാം തിരുമുറിവ് എന്ന പിജെ ആന്റണിയുടെ നാടകം. നാടകം വിവാദമായകാലത്ത് എംഎൽഎയായിരുന്ന ലോനപ്പൻ നമ്പാടന് ഞാനൊരു അയച്ചു അദ്ദേഹം നിയമസഭയിൽ പ്രശ്നം ഉന്നയിക്കുകയും സർവ്വകാലശാല ഉപപാഠപുസ്തകം പിൻവലിച്ചു പിന്നാലെ നാടകവും നിരോധിച്ചു.
1986 ൽകോട്ടയം നഗര പരിഷ്കരണത്തെക്കുറിച്ച് അഭിപ്രായങ്ങൾ ക്ഷണിച്ചുകൊണ്ട് മലയാള മനോരമ വായനക്കാരിൽ നിന്നും നിർദ്ദേശം ക്ഷണിച്ചിരുന്നു. ഭാരവണ്ടികൾ ടൗണിൽ കയറാതെ കടന്നുപോകുന്നതിന് വേണ്ടി പുതിയ ഒരു റോഡ് വെട്ടുന്നതിന്റെ ആവശ്യകതയാണ് ഞാൻ ഉന്നയിച്ചത് കളക്ടറേറ്റിന്റെ സമീപത്തു നിന്നും കോടിമതയിലേക്ക് റോഡ് നിർമ്മിക്കണമെന്നായിരുന്നു എൻ്റെ നിർദ്ദേശം. ഇപ്പോൾ ഈരയിൽ കടവിൽ നിന്നും ദിവാൻ കവല റോഡിലേക്ക് വെട്ടിയിരിക്കുന്ന പുതിയബൈപ്പാസിൻ്റെ ആശയം ഞാൻ കൊടുത്തതാണെന്ന് വിശ്വസിക്കുന്നു.
ഏറ്റുമാനൂര് തയ്യൽ ക്കടയുണ്ടായിരുന്ന2000ൽ നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമായി ഞാൻ പഞ്ചായത്ത് അധികൃതരോട് നിർദ്ദേശിച്ചത് പ്രകാരമാണ് ഏറ്റുമാനൂർ സെൻട്രൽ കവലയിൽ നിന്നും യാത്രാ ബസ് മാർക്കറ്റിന്റെ നടുവിലൂടെ പ്രൈവറ്റ് സ്റ്റാൻന്റും കടന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്നത്. പ്രൈവറ്റ് ബസ്സും ആ വഴിയിലൂടെയാണ് സ്റ്റാൻഡിൽ പ്രവേശിച്ച് KSRTC സ്റ്റാന്റിലൂടെ പുറത്തേക്ക് പോകുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കാൻ അത് ഇടയായിരുന്നു. ഇപ്പോൾ അതിന് മാറ്റംവന്നോ എന്ന് അറിയില്ല.
ലോറികളിൽ സാധനങ്ങളുമായി പോകുമ്പോൾ മൂടിക്കെട്ടി കൊണ്ടുപോകണമെന്ന് നിയമം വരുന്നതിന് മൂന്നുമാസം മുൻപ് ഈ വിവരം കാണിച്ച് അന്നത്തെ ഗതാഗത മന്ത്രിക്ക് കത്തയച്ചിരുന്നു. സിമൻറ് കയറ്റിപ്പോയ ലോറിക്ക് പിന്നാലെ ബൈക്കിൽ പോയപ്പോൾ ദേഹത്തേക്ക് പൊടി വീണതാണ് ഇങ്ങനെയൊരു കത്തയക്കുവാനും അത് നടപ്പിലാക്കുവാനും ഇടയായതെന്ന് ഞാൻ വിശ്വസിക്കുന്നു.
2005ൽ ഒരു ദിവസം ബസ്സിന്റെ ചവിട്ടുപടിയിൽ നിന്നും, റോഡിൽ കാലെത്താതെ ഒരു സ്ത്രീ വീഴുന്നത് കണ്ടപ്പോൾ ഞാൻ അന്നത്തെ ഗതാഗത മന്ത്രിക്ക് കത്തിച്ചിരുന്നു ചവിട്ടുപടി റോഡിൽ നിന്നും നിശ്ചിത ഉയരം ആയിരിക്കണമെന്നും ആവശ്യമെങ്കിൽ ഒരു പടി കൂടി കൂടുതൽ ഉണ്ടാക്കണമെന്നും ഒരു നിർദ്ദേശം വച്ചിരുന്നു അത് നടപ്പിലായോ എന്നറിയില്ല. സമൂഹത്തെ ബാധിക്കുന്ന ഇത്തരം നിരവധി വിഷയങ്ങളിൽ ഇടപെടുകയും പലതിനും പരിഹാരം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
മുഖൃമായി വിമർശനസാഹിത്യം ഇന്നുംതുടരുന്നു. സൺഡേ ശാലോം പത്രത്തിലും അപ്നാദേശിലും മറ്റ് ചില പത്രങ്ങളിലും എൻ്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മണവാളൻ കൂടെയുള്ളപ്പോൾ എന്ന പുസ്തകം 2006ൽ പ്രസിദ്ധീകരിച്ചു. കോട്ടയം ക്നാനായ അതിരൂപതാഅദ്ധൃക്ഷനായി മാർ മാതൃു മൂലക്കാട്ട് അധികാരമേറ്റശേഷം സമുദായത്തിന്റെ വൃതിരിക്തതയും വംശീയതയും സംരക്ഷിക്കാത്ത നിലപാടെടുത്തപ്പോൾ സമുദായ സംരക്ഷണത്തിനായി അദ്ദേഹത്തെ ലഘുലേഖകളിലൂടെ വിമർശിച്ചു തുടങ്ങി.
ഒപ്പം ആത്മീയ ലേഖനങ്ങളും സാമൂഹ്യ വിമർശനങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. അന്ന് ഇറക്കിയ അത്തരം ലേഖനങ്ങൾ ഇനം തിരിച്ച് പുസ്തകം ആക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വേട്ടമൃഗം ചരിത്രമെഴുതുന്നു, ഉണ്ണിയേശു ഉദരത്തിൽ ഉരുവായോ, സ്നാപകയോഹന്നാന്മാർ സോഷ്യൽ മീഡിയയിൽ, ആർച്ച് ബിഷപ്പ് മാർ മാതൃുമൂലക്കാട്ട്നടത്തുന്ന വംശീഹത്യയുടെ നാൾവഴികൾ, മാർ മാതൃുമൂലക്കാട്ടിന്റെ സമുദായ വിരുദ്ധ നിലപാടും നിലപാടിലെ വൈരുദ്ധൃതയും, ഫ്രാൻസീസ് മാർപാപ്പ ആധുനിക സഭയുടെ അപ്പസ്തോലൻ, വികാരിമാർക്ക് എല്ലാം മാതൃകയായി ഇതാ ഇവിടെ ഒരു വികാരിയച്ചൻ – (ഫാ: എബ്രഹാം പറമ്പേട്ടിനെ കുറിച്ച് ഒരു ബുക്ക് ലെറ്റ്,) ക്നാനായ സമുദായ ചരിത്രം 45 പേജിൽ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ക്നാനായ സമുദായ വിഷയങ്ങൾ “പുളിമാവ്” എന്ന പേരിൽ ബുക്ക് ലെറ്റായി പത്തെണ്ണവും പുളിമാവ് സപ്ലിമെന്റായി 20 എണ്ണവും സഭാ, സമുദായ, സാമൂഹ്യ വിഷയങ്ങൾ അടങ്ങുന്ന നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇന്നും എഴുതിക്കൊണ്ടിരിക്കുന്നു. വിമർശനാന്മകമായ നിലപാട് ഉള്ളതിനാൽ സുഹൃത്തുക്കൾ തീരെ കുറവാണ്.
ഭാര്യ, കുറിച്ചി തൈത്തറ ഉപ്പായിയുടെയും ശോശാമ്മയുടെയും മകൾ മോളമ്മ. മൂന്നു മക്കൾ, റോണി ഡി സാവിയോ ഡെന്റൽ മെക്കാനിക്കായി ഇംഗ്ലണ്ടിൽ വർക്ക് ചെയ്യുന്നു. ഭാര്യ പാലാ വള്ളിച്ചിറ ആനവട്ടത്ത് ലിനിമോൾ. രണ്ടാമൻ റൂബൻ ഡി സാവിയോ, ഡെന്റെൽ മെക്കാനിക്കായി കോട്ടയത്ത് വർക്ക് ചെയ്യുന്നു. ഭാര്യ വെളിയനാട് എണ്ണശേരിൽ എബ്രഹാം മകൾ മെയ്മോള്‍. മൂന്നാമത്തെ മകൾ ക്രിസ്പീന ഡി സാവിയോ ഇടുക്കി പൈമ്പള്ളി തറപ്പേൽ സണ്ണിയുടെ മകൻ റ്റിറ്റോയുടെ ഭാര്യ കാരിത്താസ് ആശുപത്രിയിൽ OT ടെക്നീഷ്യൻ ആയി വർക്ക് ചെയ്യുന്നു.
എൻ്റെ ഒരു പുസ്തകത്തിൽ എന്നെ പരിചയപ്പെടുത്തിക്കൊണ്ട് കെ ജെ ഫിലിപ്പ് ഐ എഫ് എസ് എഴുതിയ ഒരു കുറിപ്പ് ഇവിടെ ചേർക്കുന്നു.
ഗ്രന്ഥകാരൻ ശ്രീ ഡോമിനിക് സാവിയോ അനേക വർഷങ്ങളായി എനിക്ക് സുപരിചിതനാണ്. അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയാണെന്ന് പറയാൻ എനിക്ക് യാതൊരു സങ്കോചവുമില്ല. വളരെ സന്തോഷമേയുള്ളൂ
എന്നെ ഹഠാദാകർഷിച്ചത് അദ്ദേഹത്തിന്റെ അടിയുറച്ച സമുദായ സ്നേഹവും, ആത്മാർത്ഥത മൂലമുള്ള ഉറച്ച നിലപാടുകളും, തെറ്റെന്നു വിശ്വസിക്കുന്ന കാര്യങ്ങൾക്കെതിരേ മുഖം നോക്കാതെ ശക്തമായി പ്രതികരിക്കുന്നതിനുള്ള ധൈര്യവും കഴിവും ഒക്കെയാണ്! അദ്ദേഹത്തിന് അറിയാവുന്ന പൊതു വിഷയങ്ങളിലെല്ലാം തന്നെ സ്വന്തമായ നിലപാടുകളുണ്ട്.
സർവ്വകലാശാലാ സംബന്ധിയായ വിദ്യാഭ്യാസവും വിവരവും വ്യത്യസ്തമാണ് എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണം കൂടിയാണ് ശ്രീ സാവിയോ! ഉന്നത ബിരുദങ്ങൾ ഒന്നുമില്ലങ്കിലും വസ്തുതകൾ ഗഹനമായി പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള ഉത്സാഹവും പരിശ്രമവും മൂലം കാര്യങ്ങളെ സത്യസന്ധമായി വിശകലനം ചെയ്ത് വസ്തുതാപരമായി അവതരിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കഴിവ് ഏറെ അഭിനന്ദനീയമാണ്. മാന്യമായ ഉപജീവനത്തിന് വേണ്ടി അഹോരാത്രം ജോലി ചെയ്യുന്നതിനിടെയാണ് ഇതെല്ലാം ചെയ്യുവാൻ അദ്ദേഹത്തിന് സാധിക്കുന്നതെന്നത് അൽഭുതം തന്നെ!
അദ്ദേഹത്തിൻ്റെ ലേഖനങ്ങൾ പലതും പ്രവചനാത്മകമാണെന്ന് കാലം തെളിയിച്ചിട്ടുള്ളതാണ്!
കെ.ജെ. ഫിലിപ്പ് .
( ഐ എഫ് സ്സ്)